കൽപ്പറ്റ: വൈസ്മെൻ ഇന്റർനാഷണലും കൊട്ടാരം ചാരിറ്റീസും സംയുക്തമായി സംയുക്തമായി സംഘടിപ്പിച്ച വയനാട് ഓപ്പണ്‍ വെറ്ററൻസ് ഷട്ടിൽ ബാഡ്മിന്റണ്‍ ടൂർണമെന്റ് സമാപിച്ചു.
വൈസ്മെന്റ സ്റ്റേഡിയത്തിലും കോസ്മോപൊളിറ്റൻ ക്ലബിലുമായി നടന്ന മത്സരങ്ങളിൽ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 55 മുതൽ 87 വരെ വയസുള്ള പുരുഷൻമാരും 40 മുതൽ 73 വരെ വയസുള്ള സ്തീകളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.
87 വയസുള്ള സുരേഷ് ഹെഗ്ഡെ, 74കാരി സരോജ, 72കാരൻ ബസവരാജു എന്നിവർ ശ്രദ്ധാകേന്ദ്രങ്ങളായി. 70നു മുകളിൽ പ്രായമുള്ള പുരുഷ വിഭാഗം ഡബിൾസിൽ ഹെഗ്ഡെ-ബസവരാജു ടീം ജേതാക്കളായി.
ജില്ലയിൽ സ്പോർട്സ്, അഡ്വഞ്ചർ ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചതാണ് ടൂർണമെന്റ്. വൈസ്മെൻ ക്ലബ് പ്രസിഡന്റ് ഡോ. റോജേഴ്സ് സെബാസ്റ്റ്യൻ, സെക്രട്ടറി പി. ബാലചന്ദ്രൻ, ട്രഷറർ ബേബി മാത്യു, കൊട്ടാരം ചാരിറ്റീസ് ട്രസ്റ്റ് സെക്രട്ടറി കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.